കാൻബറ: ജീവനും സുരക്ഷയ്ക്കും കടുത്ത ഭീഷണിയുള്ളതിനാൽ ഓസ്ട്രേലിയക്കാർ പോകരുതെന്ന് സർക്കാർ നിർദേശിക്കുന്ന ‘യാത്രാവിലക്കുള്ള’ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം പൂർണമായി നിർത്തിവെക്കണമെന്ന് വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൻ ആവശ്യപ്പെട്ടു. ഓസ്ട്രേലിയൻ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ആൽബനീസ് സർക്കാർ പരാജയപ്പെട്ടുവെന്നും പുതിയതായി എത്തുന്നവരുടെ സുരക്ഷാ പരിശോധനകളിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും അവർ ആരോപിച്ചു. തീവ്രവാദ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നുള്ള സാധാരണ കുടിയേറ്റം തുടരാനാവില്ലെന്നും, വ്യക്തികളുടെ തിരിച്ചറിയൽ രേഖകളും സുരക്ഷാ ഭീഷണിയില്ലെന്ന ഉറപ്പും ലഭിച്ചാൽ മാത്രമേ മാനുഷിക-അഭയാർത്ഥി വിസകൾ അനുവദിക്കാവൂ എന്നും അവർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, ഇറാൻ, കോംഗോ, യുക്രൈൻ, ഉത്തര കൊറിയ, സിറിയ ഉൾപ്പെടെ 26 രാജ്യങ്ങളാണ് നിലവിൽ ഡി.എഫ്.എ.ടിയുടെ യാത്രാവിലക്ക് പട്ടികയിലുള്ളത്.
എന്നാൽ ഹാൻസന്റെ നിർദേശത്തെ തള്ളിക്കളഞ്ഞ കാലാവസ്ഥാ വ്യതിയാന-ഊർജ്ജ മന്ത്രി ക്രിസ് ബോവൻ, ഇത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയം പകർത്തിയെഴുതലാണെന്ന് വിമർശിച്ചു. ഓസ്ട്രേലിയയ്ക്ക് വേണ്ടത് സ്വന്തം കുടിയേറ്റ നയമാണെന്നും ട്രംപിൽ നിന്ന് മോഷ്ടിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാഖ്, ലെബനൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഐ.എസ് ഭീകരതയിൽ നിന്ന് രക്ഷപ്പെട്ട് അഭയം തേടിയെത്തിയ അസീറിയൻ, യസീദി വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവർ ഓസ്ട്രേലിയൻ സമൂഹത്തിനും ബിസിനസ്സ് മേഖലയ്ക്കും നൽകിയ മികച്ച സംഭാവനകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്തെ കുടിയേറ്റ നിരക്ക് പ്രതിവർഷം 1,80,000 ആയി കുറയ്ക്കുമെന്ന പദ്ധതി പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചു. ഷാഡോ ഭവന മന്ത്രി ആൻഡ്രൂ ബ്രാഗ് നാഷണൽ പ്രസ് ക്ലബ്ബിൽ സംസാരിക്കവെയാണ് തൊഴിൽ നൈപുണ്യമുള്ളവർക്ക് മുൻഗണന നൽകിക്കൊണ്ട് കുടുംബ, വിദ്യാർത്ഥി, മറ്റ് താൽക്കാലിക വിസകളിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് അറിയിച്ചത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സർക്കാർതല പരിഷ്കാരങ്ങൾ ഉടൻ പ്രഖ്യാപിക്കാനിരിക്കെയാണ് പ്രതിപക്ഷ നീക്കം. കൂടാതെ, ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിന് തടസ്സമാകുന്ന നിർമ്മാണ ചട്ടങ്ങൾ ലളിതമാക്കുമെന്നും ബ്രാഗ് വ്യക്തമാക്കി.

