ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ ഇന്ത്യ-ഇറ്റലി സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ ആറാമത് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഇറ്റാലിയൻ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ ജി7-ജി20, രാജ്യാന്തര ഭീഷണികൾ, സംയോജിത തന്ത്രങ്ങൾ എന്നിവയുടെ ഡയറക്ടർ പൗലോ മാരിയുമായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ നടക്കുന്ന യോഗത്തിന്റെ കോ-ചെയർമാനായി എത്തിയതാണ് പൗലോ മാരി.
എല്ലാ തരത്തിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും ഇരുരാജ്യങ്ങളും യോഗത്തിൽ ശക്തമായി അപലപിച്ചു. ഭീകരവാദത്തിനെതിരെയുള്ള സംയുക്ത സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇതിനുപുറമെ, ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായങ്ങൾ തടയുന്നതിനുള്ള സംയുക്ത പദ്ധതികൾ (Joint Initiative on Countering Financing of Terrorism) മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും വിശദമായ ആശയവിനിമയം നടന്നു.

