കോതമംഗലം ഉപജില്ലാ കായികമേള; മാർ ബേസിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

കോതമംഗലം: കായിക കേരളത്തിന്റെ തലസ്ഥാനമായിരുന്ന കോതമംഗലത്തിന്റെ സുവർണ്ണ നാളുകൾ വീണ്ടെടുക്കാനുള്ള കഠിന പ്രയത്നത്തിലാണ് നാമെന്ന് ഷിബു തെക്കുംപുറം പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കോതമംഗലം എം.എ. കോളേജ് ഗ്രൗണ്ടിൽ നടന്ന ഉപജില്ലാ കായികമേളയിൽ 525 പോയിന്റുകൾ നേടി മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 68 സ്വർണവും 42 വെള്ളിയും 12 വെങ്കലവും നേടിയാണ് മാർ ബേസിൽ സ്കൂൾ ഈ മികച്ച നേട്ടം കൈവരിച്ചത്.

108 പോയിന്റോടെ കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും, 84 പോയിന്റുമായി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 65 പോയിന്റ് നേടിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനാണ് നാലാം സ്ഥാനം.

കായികമേളയിലെ ഓരോ വിജയവും കോതമംഗലത്തിന്റെ അഭിമാനമാണെന്നും കായിക താരങ്ങളുടെ അടുത്ത ലക്ഷ്യം ജില്ലാതല കായികമേളയാണെന്നും ഷിബു തെക്കുംപുറം വ്യക്തമാക്കി. ഒക്ടോബർ 17, 18, 19 തീയതികളിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല മത്സരങ്ങളിൽ കോതമംഗലത്തിന്റെ കായികപ്രതിഭകൾ മികച്ച നേട്ടങ്ങൾ സ്വന്തമാക്കുമെന്നും, വിജയികൾക്കൊപ്പം കായിക മേളയിൽ പങ്കെടുത്ത മുഴുവൻ താരങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *