കുമളി: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുമളി സ്വദേശിയായ യുവാവിന് റോട്ടറി ക്ലബ് ഓഫ് സ്പൈസ് സിറ്റി അണക്കരയുടെ നേതൃത്വത്തിൽ ചികിത്സാ സഹായം കൈമാറി. ഗുരുതരമായ ലിംഫോമ ബാധിച്ച് ചികിത്സയിലുള്ള ബിനോ ഫിലിപ്പ് (35) എന്ന യുവാവിന്റെ തുടർചികിത്സയ്ക്കാണ് ക്ലബ്ബ് താങ്ങായത്.
അഞ്ച് ഘട്ടങ്ങളിലായുള്ള കീമോതെറാപ്പി ഇതിനകം പൂർത്തിയായെങ്കിലും തുടർചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരുന്നു കുടുംബം. ഈ സാഹചര്യത്തിലാണ് റോട്ടറി ക്ലബ് ഓഫ് സ്പൈസ് സിറ്റി അണക്കരയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി രൂപീകരിക്കുകയും സമാഹരിച്ച ഏകദേശം 55,000 രൂപ ഒക്ടോബർ രണ്ടിന് ബിനോയുടെ വസതിയിലെത്തി കുടുംബത്തിന് കൈമാറുകയും ചെയ്തത്.
റോട്ടറി ക്ലബ് ഓഫ് സ്പൈസ് സിറ്റി അണക്കര പ്രസിഡന്റ് റോട്ടേറിയൻ ജോസുകുട്ടി മാത്യു പയ്യലുമുറിയിൽ ചടങ്ങിന് നേതൃത്വം നൽകി. ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ് റോട്ടേറിയൻ റെജി മാത്യു നരിമറ്റം, റോട്ടേറിയൻമാരായ ആബിൻ, ജിതിൻ സാമുവൽ, ടോം ജോസഫ്, പ്രവീൺ ലാൽ, നിക്സൺ തോമസ്, സജി മാത്യു, ജോർജ് മാത്യു, സഞ്ചു പുന്നൂസ്, ജെറിൻ കുര്യാക്കോസ്, ആൻസ് ജിൻസി നിക്സൺ എന്നിവരും പങ്കെടുത്തു. രോഗിക്ക് ആവശ്യമായ തുടർചികിത്സ വേഗത്തിൽ ലഭ്യമാകട്ടെയെന്നും പൂർണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കട്ടെയെന്നും അംഗങ്ങൾ ആശംസിച്ചു.

