മെൽബൺ: തെക്കൻ ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിൽ ശക്തമായ ന്യൂനമർദ്ദത്തെ തുടർന്ന് കനത്ത മഴ തുടരുന്നു. വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനങ്ങളിലെ വിവിധ നദീതീര മേഖലകളിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ബി.ഒ.എം) അറിയിച്ചു.
വിക്ടോറിയയുടെ വടക്കുകിഴക്ക്, മധ്യ, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറൻ മേഖലകളിലും ഗിപ്‌സ്‌ലാൻഡിലും വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരും. മെൽബണിന്റെ തെക്കുപടിഞ്ഞാറൻ ഭാഗമായ ഒട്‌വേ റേഞ്ചസ്, ഗിപ്‌സ്‌ലാൻഡ് എന്നിവിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 90 മുതൽ 150 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ മണ്ണിൽ ഈർപ്പം പൂർണ്ണമായി നിറഞ്ഞതിനാൽ നേരിയ മഴ പോലും മിന്നൽ പ്രളയത്തിന് കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബനിയപ്പ് നദിയിൽ ഇതിനകം പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസ്–വിക്ടോറിയ അതിർത്തിയിലെ മുറേ നദിക്ക് മുകളിലായി രൂപംകൊണ്ട ന്യൂനമർദ്ദമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ന്യൂ സൗത്ത് വെയിൽസിലെ ഇല്ലവാര, സൗത്ത് കോസ്റ്റ്, ഓറഞ്ച്, ഗോൾബേൺ, ഡബ്ബോ, ബാതർസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ചയോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നാണ് വിലയിരുത്തൽ.

