Headlines

തമിഴ്നാട്ടിൽ കർഷകർക്ക് വായ്പാ ഇളവ്; 75,000 രൂപ വരെയുള്ള വിളവായ്പ പൂർണമായും എഴുതിത്തള്ളും

ചെന്നൈ: തമിഴ്നാട്ടിലെ സഹകരണ ബാങ്കുകളിൽനിന്ന് എടുത്ത വിളവായ്പകൾക്ക് ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. 2025 മേയ് ഒന്ന് മുതൽ 2026 ഫെബ്രുവരി 28 വരെ എടുത്ത 75,000 രൂപ വരെയുള്ള വിളവായ്പകൾ പൂർണമായും എഴുതിത്തള്ളാനാണ് തീരുമാനം. ഭൂമിയുടെ വിസ്തൃതി പരിഗണിക്കാതെ എല്ലാ വിഭാഗം കർഷകർക്കും ആനുകൂല്യം ലഭിക്കും.

75,000 രൂപയിൽ കൂടുതലുള്ള വായ്പകൾക്ക് പരമാവധി 35,000 രൂപയുടെ ഇളവാണ് ലഭിക്കുക. നേരത്തെ 50,000 രൂപ വരെയുള്ള വായ്പകൾക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്ന പദ്ധതിയാണ് സർക്കാർ പിന്നീട് വിപുലീകരിച്ചത്.

പദ്ധതിയിലൂടെ ഏകദേശം 14.43 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കും. ഇതിനായി സർക്കാരിന് ഏകദേശം 5,932.23 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നാണ് കണക്ക്. ചെറുകിട, ഇടത്തരം, മറ്റ് വിഭാഗങ്ങളിലുള്ള കർഷകരെ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ പദ്ധതി.

സഹകരണ ബാങ്കുകൾ വഴിയുള്ള വിളവായ്പകൾക്കാണ് ആനുകൂല്യം ബാധകം. വായ്പാഭാരം കുറയ്ക്കുന്നതിലൂടെ അടുത്ത കൃഷിക്കാലത്ത് കർഷകർക്ക് വീണ്ടും വായ്പ ലഭ്യമാക്കുന്നതിനും കൃഷി മുന്നോട്ടുകൊണ്ടുപോകുന്നതിനും സഹായകമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *