കൊച്ചി: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികൾക്കും മുൻ സൈനികർക്കും അവരുടെ ആശ്രിതർക്കും സംസ്ഥാന സൈനികക്ഷേമ വകുപ്പ് നൽകിവരുന്ന വിവിധ ധനസഹായ പദ്ധതികൾക്കായി സായുധസേന പതാകദിന നിധിയിലേക്ക് എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച അമ്പലമുകൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനും ഉദയംപേരൂർ എസ് എൻ ഡി പി ഹയർസെക്കൻഡറി സ്കൂളിനും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
സ്വാതന്ത്ര്യദിന പരേഡിലെ സായുധസേന എക്സൈസ് ആൻഡ് പോലീസ് വിഭാഗത്തിൽ കെ എ പി ഫസ്റ്റ് ബറ്റാലിയൻ ഒന്നാം സ്ഥാനവും ഡി എച്ച് ക്യു കൊച്ചി സിറ്റി രണ്ടാം സ്ഥാനവും സി കേഡറ്റ് സീനിയർ മൂന്നാം സ്ഥാനവും നേടി. നിരായുധസേന സീനിയർ പ്ലാറ്റൂൺ വിഭാഗത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഒന്നാം സ്ഥാനവും എൻസിസി 21 കേരള ബറ്റാലിയൻ രണ്ടാം സ്ഥാനവും ടീൻ കേരള മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നിരായുധസേന ജൂനിയർ പ്ലാറ്റൂൺ വിഭാഗത്തിൽ ശ്രീ ശാരദ വിദ്യാലയം എൻസിസി ഒന്നാം സ്ഥാനം സ്വന്തമാക്കി.
സ്റ്റുഡന്റ് പോലീസ് പ്ലാറ്റൂൺ വിഭാഗത്തിൽ ആലുവ മോഡൽ റെസിഡൻഷ്യൽ ബോയ്സ് സ്കൂൾ ഒന്നാം സ്ഥാനവും ജി എച്ച്എസ്എസ് തൃപ്പൂണിത്തുറ രണ്ടാം സ്ഥാനവും മുക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് മൂന്നാം സ്ഥാനവും നേടി. സൈനിക പ്ലാറ്റൂൺ വിഭാഗത്തിൽ ശ്രീ ശാരദ സൈനിക് ബോയ്സ് സ്കൂൾ ഒന്നാമതെത്തിയപ്പോൾ ബേത് ലഹേം ദയറ ഞാറല്ലൂർ രണ്ടാം സ്ഥാനവും ശ്രീ ശാരദ വിദ്യാലയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഗൈഡ് വിഭാഗത്തിൽ ഞാറല്ലൂർ ബേത് ലഹേം ദയറ ഒന്നാം സ്ഥാനവും ശ്രീ ശാരദ വിദ്യാലയം രണ്ടാം സ്ഥാനവും നേടി. മികച്ച സ്കൂൾ ബാൻഡിനുള്ള മത്സരത്തിൽ സി കേഡറ്റ് ഒന്നാം സ്ഥാനവും പള്ളുരുത്തി ഒ എൽ സി ജി എച്ച് എസ് രണ്ടാം സ്ഥാനവും സെന്റ് ജോസഫ് ഇ എം എച്ച് എസ് തൃക്കാക്കര മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സ്കൗട്ട് വിഭാഗത്തിൽ ശ്രീ ശാരദ സ്കൗട്ടും റെഡ് ക്രോസ് വിഭാഗത്തിൽ തൃക്കാക്കര സെന്റ് ജോസഫ് ഇ എം എച്ച് എസും പ്രോത്സാഹന സമ്മാനങ്ങൾ നേടി. ചടങ്ങിൽ ഹോൺ പൈപ്പ് ഡാൻസ് അവതരിപ്പിച്ച സി കേഡറ്റിനും ദേശഭക്തിഗാനം അവതരിപ്പിച്ച കളക്ടറേറ്റ് സ്റ്റാഫിനും പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിച്ചു.

