മെൽബൺ: ആൾമാറാട്ട സംശയത്തെ തുടർന്ന് വിസ വൈകിയതോടെ അനിശ്ചിതത്വത്തിലായ പ്രശസ്ത പഞ്ചാബി-കനേഡിയൻ പോപ്പ് താരം കരൺ ഔജ്‌ലയുടെ ഓസ്ട്രേലിയൻ സംഗീത പര്യടനം മുന്നോട്ട്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന താരത്തിന്റെ ഓസ്ട്രേലിയൻ ടൂർ ആരംഭിക്കാനിരിക്കെയാണ് വിസ അനുമതിയിൽ അപ്രതീക്ഷിത തടസ്സങ്ങൾ നേരിട്ടത്.
താരത്തിന്റെ യഥാർത്ഥ പേരായ ജസ്കരൻ സിംഗ് ഔജ്‌ല എന്നതിലെ പേര് സാദൃശ്യമാണ് ഓസ്ട്രേലിയൻ ഹോം അഫയേഴ്സ് വകുപ്പ് അദ്ദേഹത്തെ “പേഴ്സൺ ഓഫ് ഇന്ററസ്റ്റ്” ആയി കാണാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. 2024-ൽ ഒന്റാരിയോയിൽ തോക്ക് കേസ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായ ജസ്കരൻ സിംഗ് എന്ന മറ്റൊരു കനേഡിയൻ പൗരനുമായുള്ള പേരിന്റെ സമാനതയാണ് ഉദ്യോഗസ്ഥരിൽ ആശയക്കുഴപ്പമുണ്ടാക്കിയത്. ഇരുവരുടെയും ജന്മസ്ഥലത്തിലും ജനനതീയതിയിലും വ്യത്യാസങ്ങളുണ്ടായിട്ടും വിസ നടപടികൾ നീണ്ടുപോവുകയായിരുന്നു.
വിസയിലെ കാലതാമസം കാരണം പെർത്തിൽ നിശ്ചയിച്ചിരുന്ന ആദ്യ ഷോ മാറ്റിവെക്കേണ്ടി വന്നെങ്കിലും, ബാക്കി പരിപാടികൾ മുൻനിശ്ചയപ്രകാരം നടത്താനുള്ള ഒരുക്കത്തിലാണ് താരവും സംഘവും. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന്റെ പരിപാടികൾക്കായി ഓസ്ട്രേലിയയിൽ കാത്തിരിക്കുന്നത്.
സമീപകാലത്തായി പ്രമുഖ താരങ്ങളുടെ ഓസ്ട്രേലിയൻ ടൂറുകൾക്ക് വിസ തടസ്സങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ സിഡ്നിയിലെ ‘വൈകിട്ട് എന്താ പരിപാടി?’ സ്റ്റേജ് ഷോയും അവസാന നിമിഷം വിസ ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവെക്കേണ്ടി വന്നിരുന്നു. ഗായിക കെ.എസ്. ചിത്രയടക്കമുള്ള മറ്റ് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ തനിക്ക് യാത്ര ചെയ്യാൻ സാധിച്ചില്ലെന്ന് മോഹൻലാൽ വീഡിയോ സന്ദേശത്തിലൂടെ ആരാധകരെ അറിയിച്ചിരുന്നു. പ്രവാസി വേദികളിൽ വലിയ പരിപാടികൾ നടക്കാനിരിക്കെ അപ്രതീക്ഷിതമായി എത്തുന്ന ഇത്തരം വിസ തടസ്സങ്ങൾ ആരാധകരെയും സംഘാടകരെയും ഒരുപോലെ നിരാശരാക്കുകയാണ്.

