പ്രതിശ്രുത വധൂവരന്മാരുടെ മരണം: മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്ക്

കൊച്ചി: വിവാഹം നടക്കാനിരിക്കെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രതിശ്രുത വധൂവരന്മാർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. ഇരുവരുടെയും മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.

കാസർഗോഡ് പൂച്ചക്കാട് സ്വദേശിനി പി. അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി വി. അമൽ (26) എന്നിവരാണ് മരിച്ചത്. ഡിസംബർ 26ന് വിവാഹം നിശ്ചയിച്ചിരുന്ന ഇരുവരും സ്റ്റേറ്റ് ബാങ്ക് ജീവനക്കാരായിരുന്നു. അനുശ്രീ കർണാടകയിലെ ഹുൻസൂരിലും അമൽ എറണാകുളത്തുമാണ് ജോലി ചെയ്തിരുന്നത്.

ചൊവ്വാഴ്ച രാത്രി വരെ ബാങ്കിൽ ജോലി ചെയ്തിരുന്ന അനുശ്രീ പിന്നീട് ഹുൻസൂരിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് അയൽവാസികളെ അറിയിക്കുകയും അവർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് അനുശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടത്തിനും ഇൻക്വസ്റ്റിനും ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.

അനുശ്രീയുടെ മരണവിവരം അറിഞ്ഞ അമൽ ബുധനാഴ്ച രാവിലെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്തു. തുടർന്ന് തന്റെ ലൊക്കേഷൻ സുഹൃത്തുക്കൾക്ക് അയച്ചുനൽകി. സംശയം തോന്നിയ സുഹൃത്തുക്കൾ ലോഡ്ജിലെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് അമലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അനുശ്രീയുടെ മരണത്തിന് പിന്നാലെ അമൽ നടത്തിയ ഫോൺവിളിയെക്കുറിച്ച് കുടുംബത്തിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇരുവരുടെയും ഫോണുകളിലെ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ച് മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *