ചട്ടവിരുദ്ധമായി ടാക്സി ചിലവ് എഴുതിയെടുത്തു; 3,391 ഡോളർ തിരിച്ചടച്ച് വൺ നേഷൻ സെനറ്റർ ടൈറോൺ വിറ്റൻ

പെർത്ത്: നികുതിപ്പണം ഉപയോഗിച്ച് പാർലമെന്ററി ചട്ടങ്ങൾ ലംഘിച്ച് ടാക്സി യാത്രകൾ നടത്തിയതിന് വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്നുള്ള വൺ നേഷൻ സെനറ്റർ ടൈറോൺ വിറ്റൻ 3,391.68 ഡോളർ തിരിച്ചടച്ചു. ഔദ്യോഗിക അന്വേഷണത്തിന് ശേഷമാണ് തുക തിരിച്ചടപ്പിച്ചത്.

2025 ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിൽ പെർത്തിൽ നടത്തിയ ടാക്സി യാത്രകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇൻഡിപെൻഡന്റ് പാർലമെന്ററി എക്സ്പെൻസസ് അതോറിറ്റി നടത്തിയ പരിശോധനയിൽ, വിറ്റന് സ്വന്തം ഔദ്യോഗിക വാഹനമോ അല്ലെങ്കിൽ അതിന് പകരമുള്ള അലവൻസോ ഉപയോഗിക്കാമായിരുന്ന സാഹചര്യത്തിലാണ് പൊതുപണം ചിലവഴിച്ച് ടാക്സി സർവീസുകൾ ഉപയോഗിച്ചതെന്ന് വ്യക്തമായി.

തനിക്ക് ഔദ്യോഗിക വാഹനം ലഭ്യമായിരുന്നില്ലെന്നും, അലവൻസ് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ലെന്നും വിറ്റൻ വിശദീകരിച്ചു. തുടർന്ന് 25 ശതമാനം പിഴത്തുക ഉൾപ്പെടെയാണ് മൊത്തം 3,391.68 ഡോളർ അദ്ദേഹം തിരിച്ചടച്ചത്. ജനപ്രതിനിധികളുടെ ആനുകൂല്യങ്ങളും പൊതുപണത്തിന്റെ വിനിയോഗവും സംബന്ധിച്ച ചർച്ചകൾക്ക് ഈ സംഭവം വീണ്ടും വഴിതുറന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *