മാതാപിതാക്കൾക്കൊപ്പം വിട്ട് മൂന്ന് ദിവസത്തിനകം എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ചൈൽഡ് പ്രൊട്ടക്ഷൻ സംവിധാനത്തിനെതിരെ രോഷം

മെൽബൺ: ഫോസ്റ്റർ കെയറർമാരുടെ പക്കൽ നിന്ന് സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയച്ച് മൂന്ന് ദിവസത്തിനുള്ളിൽ എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. സംഭവത്തിൽ വിക്ടോറിയ പോലീസിലെ ഹോമിസൈഡ് സ്ക്വാഡ് കൊലപാതക അന്വേഷണം ആരംഭിച്ചു.

ജനിച്ച് മൂന്ന് ആഴ്ച മാത്രം പ്രായമുള്ളപ്പോൾ ശരീരത്തിൽ ക്ഷതങ്ങളും ചതവുകളും കണ്ടെത്തിയതിനെ തുടർന്നാണ് കുഞ്ഞിനെ ഫോസ്റ്റർ കെയർ സംരക്ഷണത്തിലേക്ക് മാറ്റിയിരുന്നത്. തുടർന്ന് ഏകദേശം ആറ് മാസത്തോളം ഫോസ്റ്റർ കെയറർമാർക്കൊപ്പമായിരുന്ന കുഞ്ഞിനെ, കോടതി നിർദ്ദേശിച്ച പരിശോധനകൾക്ക് ശേഷമാണ് സ്വന്തം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചത്.

എന്നാൽ സെപ്റ്റംബർ 20-ന് ബല്ലാറാറ്റിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ മെൽബണിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സെപ്റ്റംബർ 22-ന് മരണം സംഭവിക്കുകയായിരുന്നു. ചൈൽഡ് പ്രൊട്ടക്ഷൻ സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ഫോസ്റ്റർ കെയറർമാർ ആരോപിച്ചു.

വിക്ടോറിയയിൽ കുട്ടികളെ സ്വന്തം കുടുംബത്തിലേക്ക് തിരിച്ചയക്കുന്നതുമായി (റീയൂണിഫിക്കേഷൻ) ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന രണ്ട് വർഷത്തെ സമയപരിധി 2026 മെയ് മാസത്തിലെ നിയമപരിഷ്കരണത്തിലൂടെ നീക്കിയിരുന്നു. ഈ മാറ്റത്തിന് പിന്നാലെയുണ്ടായ ദുരന്തം നിലവിലെ സംവിധാനങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. കുട്ടികളെ മാതാപിതാക്കൾക്ക് തിരികെ കൈമാറുമ്പോൾ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും, തീരുമാനങ്ങൾ കുട്ടികളുടെ ക്ഷേമത്തിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിലും കൂടുതൽ ജാഗ്രത വേണമെന്ന് ഈ രംഗത്തെ വിദഗ്ധരും സംഘടനകളും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *