തൊടുപുഴ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും ലയൺസ് ക്ലബ് ഓഫ് തൊടുപുഴയും സംയുക്തമായി വാക്കത്തോണും സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
രാവിലെ ഏഴ് മണിക്ക് സെന്റ് മേരീസ് ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. വാക്കത്തോൺ ലയൺസ് ക്ലബ് ഹാളിൽ സമാപിച്ചു. തുടർന്ന് ലയൺസ് ക്ലബ് ഹാളിൽ ചേർന്ന സമ്മേളനം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ ജയേഷ് ഉദ്ഘാടനം ചെയ്തു.
ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനുമായാണ് ദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചത്. ക്യാമ്പിൽ നിരവധി ആളുകൾ സൗജന്യ പരിശോധനയിൽ പങ്കാളികളായി.

