ബൈക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം; സുഹൃത്തുക്കളായ യുവാവിനും യുവതിക്കും ദാരുണാന്ത്യം

തിരുവനന്തപുരം: രാത്രി യാത്രയ്ക്കിടെ നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ വൈദ്യുതത്തൂണിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ യുവാവും യുവതിയും മരിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമല കോഴിക്കക്കുഴി മേലെ പുത്തൻവീട്ടിൽ സജീവ്-ഷേർളി ദമ്പതികളുടെ മകൻ സുജി (26), മെഡിക്കൽ കോളേജ് മുറിഞ്ഞപാലം തോട്ടുവരമ്പ് എൻ.ആർ.എ 16ൽ രാജന്റെയും മിനിയുടെയും മകൾ അർച്ചന രാജ് (31) എന്നിവരാണ് മരിച്ചത്.

രാത്രി 11 മണിയോടെ വെങ്ങാനൂർ–പള്ളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മൃതിമണ്ഡപത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. പള്ളിച്ചൽ ഭാഗത്തുനിന്ന് വെങ്ങാനൂരിലേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതത്തൂണിൽ ഇടിച്ചു മറിയുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി. ശക്തമായ ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു. അർച്ചന രാജ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് ആംബുലൻസിലാണ് അർച്ചനയുടെ മൃതദേഹവും ഗുരുതരമായി പരിക്കേറ്റ സുജിയെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സുജിയും മരണത്തിന് കീഴടങ്ങി. അപകടസ്ഥലത്ത് വിഴിഞ്ഞം പൊലീസും ഫൊറൻസിക് വിഭാഗവും എത്തി വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *