ലിബിയൻ ഐക്യനീക്കങ്ങൾക്ക് തിരിച്ചടി; എണ്ണകേന്ദ്രങ്ങളിലെ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ സദ്ദാം ഹഫ്തറെന്ന് ആരോപണം

ട്രിപ്പോളി: ലിബിയൻ സൈനിക മേധാവി ഖലീഫ ഹഫ്തറിന്റെ മകൻ സദ്ദാം ഹഫ്തർ പടിഞ്ഞാറൻ ലിബിയയിലെ ഇന്ധന സംഭരണ കേന്ദ്രങ്ങൾക്കും വൈദ്യുതി നിലയങ്ങൾക്കും നേരെ ഡ്രോൺ ആക്രമണം നടത്തിയ ‘ഭീകര സംഘത്തെ’ നിയന്ത്രിച്ചെന്ന ആരോപണം രാജ്യത്ത് പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് തിരികൊളുത്തി. ട്രിപ്പോളി ആസ്ഥാനമായുള്ള ഗവൺമെന്റ് ഓഫ് നാഷണൽ യൂണിറ്റിയും (ജി.എൻ.യു) ഖലീഫ ഹഫ്തറും തമ്മിൽ രാജ്യത്തെ ഒന്നിപ്പിക്കാനായി നടത്തിവന്ന അനുരഞ്ജന ചർച്ചകളെ ഈ വെളിപ്പെടുത്തൽ തകിടംമറിച്ചു. ലിബിയൻ സുരക്ഷാ-നീതിന്യായ-രാഷ്ട്രീയ സംവിധാനങ്ങളെ സംയോജിപ്പിക്കുന്നതിൽ യു.എസ് പ്രധാന പങ്കാളിയായി കണ്ടിരുന്ന ലിബിയൻ നാഷണൽ ആർമി (എൽ.എൻ.എ) ഡെപ്യൂട്ടി കമാൻഡറാണ് സദ്ദാം ഹഫ്തർ.

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന വ്യോമാക്രമണങ്ങളെ തുടർന്ന് പടിഞ്ഞാറൻ മേഖലയിൽ കടുത്ത വൈദ്യുതി ക്ഷാമം അനുഭവപ്പെടുകയും പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദ്ബെയ്ബയുടെ നേതൃത്വത്തിലുള്ള ജി.എൻ.യു സർക്കാരിനെതിരെ ജനരോഷം ശക്തമാകുകയും ചെയ്തിരുന്നു. ഓഗസ്റ്റിൽ അഞ്ചുദിവസത്തോളം നീണ്ട ഡ്രോൺ ആക്രമണത്തിൽ സാവിയ എണ്ണ സമുച്ചയത്തിലെ പെട്രോൾ സംഭരണ ടാങ്ക് തകരുകയും വൻ തീപിടിത്തമുണ്ടാവുകയും ചെയ്തു. ഏകദേശം 45 ലക്ഷം ലിറ്റർ ഇന്ധനമാണ് അന്ന് നഷ്ടമായത്.

കിഴക്കൻ ലിബിയൻ ഭരണാധികാരി ഖലീഫ ഹഫ്തറിനെ പ്രസിഡന്റും, പടിഞ്ഞാറൻ മേഖലയിലെ ദ്ബെയ്ബ കുടുംബത്തിലെ ഒരംഗത്തെ പ്രധാനമന്ത്രിയുമാക്കി അധികാരം പങ്കുവെക്കാൻ ഡൊണാൾഡ് ട്രംപിന്റെ ആഫ്രിക്കൻ ഉപദേഷ്ടാവ് മസാദ് ബൗലോസ് മുന്നോട്ടുവെച്ച പദ്ധതി നടപ്പിലാക്കുന്നതിൽ ട്രിപ്പോളി ഭരണകൂടം കാലതാമസം വരുത്തിയതിലുള്ള രോഷമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. കൂടാതെ, തെക്കൻ ലിബിയയിലെ ഗോത്രവർഗ്ഗക്കാരെ ഇളക്കിവിട്ട് ട്രിപ്പോളി ഭരണകൂടം തന്റെ സൈന്യത്തെ ആക്രമിക്കാൻ ശ്രമിച്ചതും ഹഫ്തറിനെ ചൊടിപ്പിച്ചു.

സെപ്റ്റംബർ അഞ്ചിന് ട്രിപ്പോളി വിമാനത്താവളം ആക്രമിക്കാൻ പദ്ധതിയിട്ട സംഘത്തിലെ മൂന്ന് ലിബിയൻ പൗരന്മാരെയും ഒരു സ്പാനിഷ് പൗരനെയും സുരക്ഷാസേന പിടികൂടിയിരുന്നു. എൽ.എൻ.എയുടെ താരീഖ് ബിൻ സിയാദ് ബ്രിഗേഡുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായ ലിബിയക്കാർ. ചോദ്യം ചെയ്യലിൽ ഇവർ സദ്ദാം ഹഫ്തറിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് വ്യക്തമായതായും അദ്ദേഹവുമായി ഇനി സഹകരിക്കാനാവില്ലെന്നും ജി.എൻ.യു വൃത്തങ്ങൾ വ്യക്തമാക്കി. ഈ സംഭവവികാസങ്ങൾ മസാദ് ബൗലോസിന്റെ പദ്ധതിയെ മാത്രമല്ല, രണ്ട് വർഷത്തിനകം തെരഞ്ഞെടുപ്പ് നടത്താൻ ലക്ഷ്യമിട്ട് യു.എൻ. രക്ഷാസമിതിയുടെ പിന്തുണയോടെ മുന്നോട്ടുപോകുന്ന ‘4+4’ ചർച്ചകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ജനഹിതത്തെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പാണ് ആവശ്യമെന്നും മുൻകാല മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചുവെച്ചുകൊണ്ടുള്ള രാഷ്ട്രീയ ഒത്തുതീർപ്പുകളെ പിന്തുണയ്ക്കില്ലെന്നും ജി.എൻ.യു രാഷ്ട്രീയകാര്യ മന്ത്രി വാലിദ് എൽ-ലാഫി വ്യക്തമാക്കി.

പുതിയ ആരോപണങ്ങൾ കിഴക്കൻ ലിബിയയിൽ ഖലീഫ ഹഫ്തറിന്റെ മക്കൾ തമ്മിലുള്ള അധികാര വടംവലിയും രൂക്ഷമാക്കിയിട്ടുണ്ട്. യു.എ.ഇയുടെ പിന്തുണയുള്ള സദ്ദാം ഹഫ്തറാണ് പിൻഗാമിയാകാൻ കൂടുതൽ മുൻഗണന നേടിയിരുന്നതെങ്കിലും, ഈജിപ്തുമായി കൂടുതൽ അടുപ്പമുള്ള സഹോദരന്മാരായ ഖാലിദും ബെൽഖാസിമും സദ്ദാമിന്റെ ആധിപത്യത്തെ ചോദ്യം ചെയ്തു രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *