റിയോ ഡി ജനീറോ: തീവ്രവലതുപക്ഷ ഫാസിസ്റ്റുകൾ വീണ്ടും അധികാരം പിടിക്കുന്നത് തടയാൻ തനിക്ക് മാത്രമേ കഴിയൂ എന്ന ശക്തമായ മുന്നറിയിപ്പുമായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലൂല ഡ സിൽവ. ഞായറാഴ്ച നടക്കാനിരിക്കുന്ന നിർണായക പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി റിയോ ഡി ജനീറോയിൽ നടന്ന കൂറ്റൻ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു എൺപതുകാരനായ ഈ ഇടതുപക്ഷ നേതാവ്.
വലതുപക്ഷ എതിരാളിയായ ഫ്ലാവിയോ ബോൾസൊനാരോയുടെ കുടുംബം അധികാരത്തിലേക്ക് തിരിച്ചെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് താൻ നാലാം തവണയും പ്രസിഡന്റ് പദവിയിലേക്ക് ജനവിധി തേടാൻ തീരുമാനിച്ചതെന്ന് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ ലൂല വ്യക്തമാക്കി. “ഞാൻ ഈ ഫാസിസ്റ്റുകളെ പ്രതിരോധിച്ചില്ലെങ്കിൽ അവർ അനായാസം മറ്റൊരു തെരഞ്ഞെടുപ്പ് കൂടി ജയിക്കും; ഒന്നുകിൽ ഞാൻ, അല്ലെങ്കിൽ അരാജകത്വം (ബാർബറിസം),” എന്ന് അദ്ദേഹം തുറന്നടിച്ചു.
1964-1985 കാലഘട്ടത്തിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ബ്രസീൽ നടത്തിയ ജനാധിപത്യ പോരാട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച കാൻഡലേറിയ പള്ളിയിൽ നിന്നും സിനിലാന്റിയ ചത്വരത്തിലേക്കായിരുന്നു ലൂലയുടെ നേതൃത്വത്തിൽ ‘വിജയ മാർച്ച്’ സംഘടിപ്പിച്ചത്. ചുവപ്പണിഞ്ഞ ആയിരക്കണക്കിന് പ്രവർത്തകരാണ് റാലിയിൽ അണിനിരന്നത്. “ഇവിടെ പന്തയത്തിൽ വെച്ചിരിക്കുന്നത് ഒരാളുടെ ജയമല്ല, മറിച്ച് ജനാധിപത്യം എന്ന ആശയത്തിന്റെ വിജയമാണ്; ഒന്നുകിൽ നാം ജനാധിപത്യത്തെ സുദൃഢമാക്കണം, അല്ലെങ്കിൽ അത് പൂർണ്ണമായും നഷ്ടപ്പെടും,” എന്ന് ലൂല പ്രവർത്തകരെ ഓർമ്മിപ്പിച്ചു. ബോൾസൊനാരോയെ സഹായിക്കാൻ ട്രംപ് ഭരണകൂടം ഇടപെടുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയായി, ബ്രസീലിന്റെ കാര്യങ്ങളിൽ ഇടപെടാൻ ഒരു വിദേശിയെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2022-ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അട്ടിമറിക്ക് ശ്രമിച്ച കേസിൽ 27 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഫ്ലാവിയോയുടെ പിതാവും മുൻ പ്രസിഡന്റുമായ ജെയർ ബോൾസൊനാരോ. നിലവിൽ തെരഞ്ഞെടുപ്പ് സർവേകളിൽ ലൂലയ്ക്ക് എതിരാളിയേക്കാൾ നേരിയ മുൻതൂക്കം മാത്രമാണുള്ളതെന്നിരിക്കെ, ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭാവി സംബന്ധിച്ച് വലിയ ആകാംക്ഷയാണ് ഈ മത്സരം സൃഷ്ടിച്ചിരിക്കുന്നത്.

