വിക്ടോറിയയിൽ ശക്തമായ ഭൂചലനം; മെൽബണിലും പ്രകമ്പനം

മെൽബൺ: വിക്ടോറിയയിൽ ശനിയാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മെൽബൺ നഗരത്തിലും കിഴക്കൻ പ്രാന്തപ്രദേശങ്ങളിലും ശക്തമായി അനുഭവപ്പെട്ടു. പുലർച്ചെ 2.01-ഓടെയുണ്ടായ പ്രകമ്പനത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് പരിഭ്രാന്തരായി ഉറക്കത്തിൽ നിന്നുണർന്നത്.

മെൽബണിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലിയോൻഗാത്തയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ജിയോസയൻസ് ഓസ്‌ട്രേലിയ വ്യക്തമാക്കി. നാരി വാറൻ, ഗാർഫീൽഡ്, പ്രെസ്റ്റൺ, ഹൈഡൽബർഗ് ഹൈറ്റ്സ്, വീനസ് ബേ തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് സുനാമി ഭീഷണിയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

പ്രധാന ഭൂചലനം നടന്ന് 55 മിനിറ്റിനു ശേഷം റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും രേഖപ്പെടുത്തി. ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും സജീവമായ ഭൂകമ്പ സാധ്യതാ മേഖലകളിലൊന്നായ സൗത്ത് ഗിപ്‌സ്‌ലാൻഡിലാണ് ഈ പ്രകമ്പനം ഉണ്ടായിരിക്കുന്നത്. 2023-ൽ ഗ്രേറ്റ് ഓഷ്യൻ റോഡിലുണ്ടായ ഭൂചലനത്തിന് ശേഷം വിക്ടോറിയയിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഭൂകമ്പമാണിത്. വരും ആഴ്ചകളിലും നേരിയ തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മെൽബൺ സർവകലാശാലയിലെ ഭൂകമ്പ ശാസ്ത്ര വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഭൂകമ്പമുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും വിക്ടോറിയ സ്റ്റേറ്റ് എമർജൻസി സർവീസ് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *