റഗ്ബി ആരാധകർക്കിടയിലേക്ക് കാർ പാഞ്ഞുകയറി; അഞ്ചുവയസ്സുകാരിയടക്കം 10 പേർക്ക് പരിക്ക്

സിഡ്നി: എൻ.ആർ.എൽ ഗ്രാൻഡ് ഫൈനൽ മത്സരത്തിന് മുന്നോടിയായി ടീം ബസിന് യാത്രയയപ്പ് നൽകാൻ തടിച്ചുകൂടിയ ആരാധകർക്കിടയിലേക്ക് കാർ പാഞ്ഞുകയറി അഞ്ചുവയസ്സുകാരി ഉൾപ്പെടെ പത്തുപേർക്ക് പരിക്ക്. ന്യൂ സൗത്ത് വെയിൽസിലെ ന്യൂകാസിൽ ലിങ്ക് റോഡിൽ ശനിയാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. പരിക്കേറ്റവരിൽ അഞ്ചു വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മറ്റൊരു 67-കാരന്റെ നില ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്. മറ്റുള്ളവർ ആശുപത്രികളിൽ ചികിത്സയിലാണ്.

ആയിരത്തിലധികം ആളുകൾ തടിച്ചുകൂടിയ സ്ഥലത്ത് നിയന്ത്രണംവിട്ട കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറോടിച്ചിരുന്ന 18-കാരനായ പ്രൊവിഷണൽ (പി-പ്ലേറ്റ്) ഡ്രൈവറെ പോലീസ് സ്ഥലത്തുവെച്ചുതന്നെ കസ്റ്റഡിയിലെടുത്തു. ന്യൂകാസിൽ നൈറ്റ്സ് ടീമിന്റെ കടുത്ത ആരാധകനായ ഇയാൾ ആവേശത്തോടെ വാഹനം അമിത വേഗതയിൽ ഓടിച്ചതാണ് നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. സംഭവത്തിൽ തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി.

അപകടത്തെ തുടർന്ന് നൈറ്റ്സ് ടീമിന്റെ യാത്ര മറ്റൊരു റൂട്ടിലേക്ക് മാറ്റി. സംഭവത്തിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് എന്നിവർ ദുഃഖം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *