അമ്മയും 23 മാസം പ്രായമുള്ള മകളുംമരിച്ച നിലയിൽ; രണ്ടാമത്തെ കുഞ്ഞിനായുള്ള തിരച്ചിൽ പോലീസ് അവസാനിപ്പിച്ചു

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയിലെ സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാനത്ത് അമ്മയും 23 മാസം പ്രായമുള്ള മകളും കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകവും ആത്മഹത്യയുമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചു. ഹെലേന റൈറ്റ് (36), മകൾ എന്നിവരുടെ മൃതദേഹങ്ങളാണ് പോർട്ട് മക്ഡൊണെല്ലിന് പടിഞ്ഞാറുള്ള കടലിൽ കണ്ടെത്തിയത്. ഇവരുടെ മൂന്ന് മാസം പ്രായമുള്ള രണ്ടാമത്തെ കുഞ്ഞിനായുള്ള തിരച്ചിൽ പോലീസ് അവസാനിപ്പിച്ചു. മൂന്ന് ദിവസത്തിന് ശേഷം കരയിലോ വെള്ളത്തിലോ കുഞ്ഞ് ജീവനോടെയിരിക്കാൻ യാതൊരു സാധ്യതയുമില്ലെന്ന വിദഗ്ധ നിഗമനത്തെ തുടർന്നാണിത്.

സംഭവം നടക്കുന്നതിന് തലേദിവസം ഹെലേന റൈറ്റ് പോലീസ് സ്റ്റേഷനിലെത്തിയിരുന്നുവെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിക്രമം നടന്ന ദിവസം രാവിലെ 9.30-ഓടെ, ഹെലേനയുടെ സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരുടെ വീട്ടിൽ പരിശോധനയ്‌ക്കെ ത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്ന് കേപ് നോർത്തംബർലാന്റിലെ പാറക്കെട്ടുകൾക്ക് താഴെ നിന്നാണ് അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കണ്ടെടുത്തത്.

പ്രതികൂലമായ കാലാവസ്ഥ തിരച്ചിൽ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ശക്തമായ തിരമാലകൾ കാരണം ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ചുള്ള കടൽ തിരച്ചിൽ ബുദ്ധിമുട്ടായതോടെ തിരച്ചിൽ കരയിലേക്ക് മാത്രമായി ചുരുക്കേണ്ടി വന്നതായി എസ്.ഇ.എസ് വിഭാഗം വ്യക്തമാക്കി.

കുട്ടികൾ ഉൾപ്പെട്ട ഈ ദാരുണ സംഭവം സമൂഹത്തെയാകെ നടുക്കിയതായി സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ പീറ്റർ മാലിനാസ്കാസ് പറഞ്ഞു. സംഭവത്തിൽ മറ്റാരുടെയും ഇടപെടൽ ഉള്ളതായി തെളിവുകളില്ലെന്നും, കുട്ടികളുടെ പിതാവുമായി പോലീസ് സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസ് വിശദമായ അന്വേഷണത്തിനായി കൊറോണർക്ക് കൈമാറി. പോലീസ് സ്റ്റേഷനിൽ ഹെലേന എത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ പരിധിയിൽ വരും

Leave a Reply

Your email address will not be published. Required fields are marked *