യുക്രൈൻ തുറമുഖത്ത് ഡ്രോൺ-മിസൈൽ ഭീഷണി; 13 ഇന്ത്യൻ നാവികർ കുടുങ്ങി, ഇടപെട്ട് ഇന്ത്യൻ എംബസി

കീവ്:റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ യുക്രൈനിലെ കരിങ്കടൽ തീരത്തെ ചോർണോമോർസ്ക് (Chornomorsk) തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എം.വി. അമീർ-1 (MV AMIR1) എന്ന ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികർ ഉൾപ്പെടെ 15 ജീവനക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പ്രദേശത്ത് തുടർച്ചയായി ഡ്രോൺ, മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടതായി അറിയിച്ചു. നാവികരുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകുന്നുണ്ടെന്നും ബന്ധപ്പെട്ട യുക്രൈൻ അധികൃതരുമായും മറ്റ് ഏജൻസികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അറിയിച്ചു.

അതേസമയം, നാവികരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ നാവിക സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധഭീഷണി രൂക്ഷമായ സാഹചര്യത്തിൽ തുറമുഖത്ത് തുടരുന്നത് ജീവനക്കാർക്ക് വലിയ അപകടസാധ്യതയുണ്ടാക്കുന്നുവെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *