കോഴിക്കോട്: അന്താരാഷ്ട്ര ബധിര ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ മാനാഞ്ചിറ സ്ക്വയറിൽ ‘മൊഴി’ സൗഹൃദ മത്സരം നടന്നു. കോഴിക്കോടിനെ പൂർണ്ണമായും ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള ‘സഹമിത്ര’ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി അരങ്ങേറിയത്.
ശബ്ദങ്ങൾക്കപ്പുറം ആംഗ്യഭാഷയെ പൊതുസമൂഹത്തിൽ പ്രോത്സാഹിപ്പിക്കുക, പൊതു ഇടങ്ങളിലും വിവിധ സേവന മേഖലകളിലും ഏവർക്കും പ്രാപ്യമാകുന്ന തരത്തിൽ സമഗ്രമായ ആശയവിനിമയ സംവിധാനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ‘ബധിരരുടെ മനുഷ്യാവകാശങ്ങളുടെ പ്രഖ്യാപനം’ എന്ന ആശയത്തിലൂന്നിയാണ് ചടങ്ങുകൾ ക്രമീകരിച്ചത്. കേൾവി പരിമിതിയുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ രണ്ട് പേരടങ്ങുന്ന സംയുക്ത ടീമുകളാണ് സൗഹൃദ മത്സരത്തിൽ അണിനിരന്നത്.

