വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഓഗസ്റ്റ് അവസാനം സ്ഥാനമൊഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുടുംബത്തിനും കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായാണ് സ്ഥാനമൊഴിയുന്നതെന്ന് 28കാരിയായ ലീവിറ്റ് അറിയിച്ചു. മേയിൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ അവർ അടുത്തിടെയാണ് പ്രസവാവധിക്ക് ശേഷം ജോലിയിൽ തിരിച്ചെത്തിയത്.
സ്ഥാനമൊഴിഞ്ഞ ശേഷവും ട്രംപിന്റെ ആശയങ്ങളെയും ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ പ്രസ്ഥാനത്തെയും പിന്തുണയ്ക്കുന്ന ബാഹ്യ ആശയവിനിമയ ഉപദേഷ്ടാവായി ലീവിറ്റ് പ്രവർത്തിക്കും. വരാനിരിക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രവർത്തനങ്ങളിലും അവർക്ക് പ്രധാന പങ്കുണ്ടാകുമെന്ന് ട്രംപ് അറിയിച്ചു.
2018 മുതൽ തന്റെ വിശ്വസ്ത സഹായി ആയിരുന്ന ലീവിറ്റിനെ ട്രംപ് പ്രശംസിക്കുകയും മികച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിമാരിൽ ഒരാളായി വിശേഷിപ്പിക്കുകയും ചെയ്തു.

