ഓപ്പറേഷൻ തൂഫാൻ’ മാതൃകയിൽ രാജ്യവ്യാപക മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ വേണം; ഡീൻ കുര്യാക്കോസ് എം.പി

ന്യൂഡൽഹി: രാജ്യത്താകെ യുവജനങ്ങൾക്കിടയിൽ എം.ഡി.എം.എ. പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, കേരളം നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ മാതൃകയിൽ രാജ്യവ്യാപകമായി മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ കേന്ദ്ര സർക്കാർ ആരംഭിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. റൂൾ 377 പ്രകാരം ലോക്സഭയിലാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്.

2026 ജൂണിൽ കേരള സർക്കാർ ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചത്. മയക്കുമരുന്ന് ഉപയോഗവും കടത്തും ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ കേരളം ഇതിനോടകം രാജ്യത്തിന് മാതൃകയായി മാറിയിട്ടുണ്ട്.

കർശന നിയമനടപടികൾ സ്വീകരിക്കുന്ന ‘തൂഫാൻ സ്ട്രൈക്ക്’, പൊതുബോധവൽക്കരണവും യുവജന പങ്കാളിത്തവും ഉറപ്പാക്കുന്ന ‘തൂഫാൻ വാരിയേഴ്സ്’, പുനരധിവാസവും കൗൺസിലിംഗും നൽകുന്ന ‘തൂഫാൻ കെയർ’ എന്നിവ അടങ്ങുന്ന പദ്ധതിയിലൂടെ ചുരുങ്ങിയ കാലയളവിനുള്ളിൽ ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യാനും വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുക്കാനും സാധിച്ചു. നിരവധി അന്തർസംസ്ഥാന ലഹരി കടത്ത് ശൃംഖലകളെ തകർക്കാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന അതിർത്തികൾ കടന്നാണ് സംഘടിത മയക്കുമരുന്ന് കടത്ത് നടക്കുന്നത് എന്നതിനാൽ, ഒറ്റയ്ക്കുള്ള നടപടികൾ കൊണ്ട് മാത്രം ഈ വെല്ലുവിളിയെ പൂർണ്ണമായി നേരിടാനാകില്ല. അതിനാൽ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ചുകൊണ്ട് ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിൽ ഒരു സമഗ്ര ദേശീയ മയക്കുമരുന്ന് വിരുദ്ധ ദൗത്യത്തിന് കേന്ദ്ര സർക്കാർ തുടക്കമിടണമെന്ന് ഡീൻ കുര്യാക്കോസ് പാർലമെന്റിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *