നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ ഈഷ സിങ്ങിന് വെള്ളി. ഫൈനലിൽ ചൈനയുടെ ഷിയാവോ ജിയാറൂയ്സുവാനോടാണ് ഈഷ പരാജയപ്പെട്ടത്. നിശ്ചിത റൗണ്ടുകൾക്കൊടുവിൽ ഇരുവരും 38 പോയിന്റ് വീതം നേടിയതിനെ തുടർന്ന് സ്വർണ മെഡൽ നിർണയിക്കാൻ ഷൂട്ടോഫ് നടന്നു. രണ്ട് ഷൂട്ടോഫുകൾക്കൊടുവിൽ ഷിയാവോ 3–2ന് ജയിച്ച് സ്വർണം നേടി.
ക്വാളിഫിക്കേഷനിൽ 580 പോയിന്റും 22 ഇന്നർ ടെൻസും നേടി എട്ടാം സ്ഥാനത്താണ് ഈഷ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലിൽ ഉത്തരകൊറിയയുടെ കിം ഹ്യോൻ സുക്കുമായി 34 പോയിന്റിൽ സമനിലയായതിനെ തുടർന്ന് മൂന്ന് ഷൂട്ടോഫുകൾ വേണ്ടിവന്നു. ഇതിൽ വിജയിച്ചാണ് ഈഷ സ്വർണത്തിനായുള്ള പോരാട്ടത്തിലേക്ക് കടന്നത്.
ഫൈനലിൽ 38 പോയിന്റ് നേടിയ ഈഷയ്ക്ക് ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത വെള്ളി മെഡൽ ലഭിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. 2023ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിലും വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ ഈഷ വെള്ളി നേടിയിരുന്നു.
നേരത്തെ നടന്ന 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വ്യക്തിഗത യോഗ്യതാ റൗണ്ടിൽ മനു ഭാക്കർ 579 പോയിന്റുമായി 11-ാം സ്ഥാനത്തും റാഹി സർണോബത്ത് 568 പോയിന്റുമായി 30-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

