കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്ന് പാലാരിവട്ടം പൊലീസാണ് ലക്ഷ്മിപ്രിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അൻസിബയുടെ പരാതിയിൽ യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ പരാമർശങ്ങളും ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചെന്നാണ് ആരോപണം. ലക്ഷ്മിപ്രിയ, യൂട്യൂബ് ചാനൽ ഉടമ, നടി ശ്വേതാ മേനോൻ എന്നിവർ ചേർന്ന് തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നുമാണ് അൻസിബയുടെ പരാതി.
ലക്ഷ്മിപ്രിയയുടെ ഹർജി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പരിഗണിച്ചു. ‘അമ്മ’ സംഘടനയിലെ അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ കോടതിയിലെത്തുന്ന സാഹചര്യത്തിൽ, ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതി വേണ്ടിവരുമല്ലോ എന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ഹർജിയിൽ അൻസിബയ്ക്ക് കോടതി നോട്ടീസ് അയച്ചു. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
അൻസിബയുടെ പരാതിയിൽ നേരത്തെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. തുടർന്ന് മജിസ്ട്രേറ്റ് കോടതി പൊലീസിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശം നൽകുകയായിരുന്നു.

