ന്യൂഡൽഹി: രാഷ്ട്രീയ പരിപാടിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പരാമർശിച്ചതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇറ്റാലിയൻ എംബസി രംഗത്തെത്തി. ആഭ്യന്തര രാഷ്ട്രീയ വാചകക്കസർത്തുകളിലേക്ക് വിദേശ നേതാക്കളെ വലിച്ചിഴയ്ക്കരുതെന്ന് വ്യക്തമാക്കിയ എംബസി, രാഹുലിന്റെ പരാമർശങ്ങളിൽ ശക്തമായ ആശങ്കയും വിയോജിപ്പും പ്രകടിപ്പിച്ചു.
വ്യാഴാഴ്ച നടന്ന രച്നാത്മക് കോൺഗ്രസ് ദേശീയ കൺവെൻഷനിലാണ് വിവാദമായ പരാമർശം ഉണ്ടായത്. വിദേശ രാഷ്ട്രത്തലവന്മാരെ ആലിംഗനം ചെയ്യുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ രീതിയെ വിമർശിച്ചുകൊണ്ട് നരേന്ദ്ര മോദിയുടെ നയതന്ത്ര ശൈലിയെ രാഹുൽ ഗാന്ധി പരിഹസിക്കുകയായിരുന്നു. വേദിയിൽ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ ആലിംഗനം ചെയ്ത ശേഷമായിരുന്നു രാഹുലിന്റെ പ്രസ്താവന.
“പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ ആശയം എവിടെ നിന്നാണ് ലഭിച്ചതെന്ന് എനിക്കറിയില്ല. വിചിത്രമായ ആശയങ്ങൾ ആളുകളുടെ തലയിൽ കയറുന്നു. ഇതാണ് വിദേശനയമെന്ന് പ്രധാനമന്ത്രി കരുതുന്നു,” സന്ദീപ് ദീക്ഷിതിനെ കെട്ടിപ്പിടിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. തുടർന്ന്, താൻ മെലോണി ആണെന്ന് കരുതിയാണോ കെട്ടിപ്പിടിച്ചതെന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചപ്പോൾ ‘താൻ ഇതുവരെ ആ ഘട്ടത്തിൽ എത്തിയിട്ടില്ല’ എന്ന് രാഹുൽ മറുപടി നൽകുകയായിരുന്നു. ഇതാണ് പിന്നീട് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്.
രാഹുൽ ഗാന്ധിയുടെ പരാമർശം തികച്ചും അപക്വമാണെന്ന് ബിജെപി വിമർശിച്ചു. നിർഭാഗ്യകരവും നിന്ദ്യവുമായ പരാമർശമാണിതെന്നും, പ്രതിപക്ഷ നേതാവ് പദവിയിലിരിക്കുന്ന ഒരാൾക്ക് യോജിച്ചതല്ല ഇത്തരം പ്രസ്താവനകളെന്നും ബിജെപി വക്താവ് സഞ്ജു വർമ്മ കുറ്റപ്പെടുത്തി. അതേസമയം, രാഹുൽ ഗാന്ധി ഇറ്റലി പ്രധാനമന്ത്രിയെ അപമാനിച്ചിട്ടില്ലെന്നും ജോർജിയ മെലോണിയുടെ പേര് അദ്ദേഹം പരാമർശിച്ചിട്ടുപോലുമില്ലെന്നും കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് വ്യക്തമാക്കി.

