തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുന്നതിനാവശ്യമായ അധിക ഫണ്ട് അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ട അർഹരായ ഗുണഭോക്താക്കൾക്കാണ് സഹായം ലഭിക്കുക. ഇതിനായി ആവശ്യമായ അധിക തുക അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
2024 ജൂലൈ 30ന് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടൽ വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയിരുന്നു. ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാന സർക്കാർ തുടരുന്നതിനിടെയാണ് പുതിയ ധനസഹായ തീരുമാനം.

