ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട് ചീഫ് എഡിറ്റർ മലയാളീ പത്രം
ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഇന്ന് അഭിമാനത്തോടെ എൺപതാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം, ഇത് അതിജീവനത്തിന്റെയും അസാമാന്യമായ മുന്നേറ്റത്തിന്റെയും അവിസ്മരണീയമായ നാഴികക്കല്ലാണ്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും, മനസ്സുകൊണ്ട് ഇന്ത്യക്കാരായ ഓരോരുത്തർക്കും, പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള മലയാളി പത്രം വായനക്കാർക്ക്, ഹൃദയം നിറഞ്ഞ എൺപതാം സ്വാതന്ത്ര്യദിനാശംസകൾ.
ഇന്ന് ഡൽഹിയിലെ ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയരുമ്പോൾ, അതിന്റെ അലയൊലികൾ ചെന്നെത്തുന്നത് കേവലം ഹിമാലയം മുതൽ കന്യാകുമാരി വരെ മാത്രമല്ല, ലോകത്തിന്റെ അതിരുകൾ വരെയുമാണ്. ഈ ചരിത്രമുഹൂർത്തത്തിൽ, ഇന്ത്യയുടെ അതിർത്തികൾക്കപ്പുറം വിയർപ്പൊഴുക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളെക്കുറിച്ചും ഇൻഡ്യൻ വംശജരെകുറിച്ചും ഓർക്കാതെ ഈ ആഘോഷം പൂർണ്ണമാകില്ല.
പ്രവാസവും, കുടിയേറ്റവും ഒക്കെയായി രാജ്യം വിട്ട്മാറി ജീവിക്കുന്ന ഇൻഡ്യൻ വംശജർക്ക് ജീവിതം കേവലം സാമ്പത്തിക നേട്ടങ്ങൾക്കുവേണ്ടിയുള്ള ഒരു യാത്ര മാത്രമല്ല. അത് ഗൃഹാതുരതയുടെയും ഒട്ടേറെ ത്യാഗങ്ങളുടെയും, സ്വന്തം നാടിന്റെ വേരുകൾ നെഞ്ചോട് കൂടുതൽ ചേർത്തുപിടിക്കുന്നതിന്റെയും ജീവിതാനുഭവമാണ്.
ആഗോളതലത്തിൽ ഇന്ത്യ ഇന്ന് കൈവരിച്ചിട്ടുള്ള വൻ സ്വാധീനത്തിൽ വിദേശികളായ ഇന്ത്യൻ സമൂഹത്തിന് ഇന്ന് വലിയ ഒരു പങ്കുണ്ട്. നമ്മുടെ സംസ്കാരം, മൂല്യങ്ങൾ, ബൗദ്ധിക ശേഷി എന്നിവ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്ന ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡർമാരാണ് ഓരോ വിദേശി ഇന്ത്യക്കാരും.
ഒരു ആഗോള പൗരൻ എന്ന നിലയിൽ നോക്കിക്കാണാൻ ശ്രമിക്കുമ്പോൾ എനിക്ക് വ്യക്തമാകുന്ന ഒരു കാര്യമുണ്ട് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പുതിയ ഇന്ത്യയുടെ യഥാർത്ഥ ശക്തി അതിന്റെ ഭൂമിശാസ്ത്രപരമായ അതിരുകളിലല്ല, മറിച്ച് ലോകമെമ്പാടും പടർന്നുനിൽക്കുന്ന ഇന്ത്യക്കാരുടെ ഹൃദയങ്ങളിലാണ്. ആ ഹൃദയവിശാലതയാണ് ഇന്ത്യയുടെ ഭാവിയെ നിർണ്ണയിക്കുന്നത്. ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം നമ്മെ ഒരുമിപ്പിക്കുന്ന ആ മഹത്തായ ഇന്ത്യൻ ബോധത്തെ നമുക്കിന്ന് അഭിമാനപൂർവ്വം നെഞ്ചേറ്റാം.
സാമ്പത്തിക, സാങ്കേതിക, ഭൗമരാഷ്ട്രീയ രംഗങ്ങളിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റം ലോകം വിസ്മയത്തോടെയാണ് നോക്കിക്കാണുന്നത് എങ്കിലും,തിളങ്ങുന്ന കണക്കുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ചില കടുത്ത യാഥാർത്ഥ്യങ്ങളെ കാണാതെ പോകരുത്.
അസമത്വം ഇന്നും കറുത്ത സ്വപ്നമായി തുടരുന്നു; സമ്പത്ത് ചുരുക്കം ചിലരിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുമ്പോൾ, സാധാരണക്കാരന്റെ ജീവിതച്ചെലവും തൊഴിലില്ലായ്മയും വലിയ വെല്ലുവിളിയായി ഇന്നും തുടരുന്നു.
ബഹുസ്വരതയും ജനാധിപത്യ മൂല്യങ്ങളുംമാണ് ഇന്ത്യയുടെ യഥാർത്ഥ കരുത്ത് അതിന്റെ ആത്മാവ് ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയയവുമാണ്. അഭിപ്രായസ്വാതന്ത്ര്യവും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനവും കാത്തുസൂക്ഷിക്കപ്പെടേണ്ടത് ഒരു ജനാധിപത്യ രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ അത്യന്താപേക്ഷിതമാണ്.
ഒപ്പം പ്രതിഭാ ചോർച്ച അഥവാ ബ്രയിൻ ഡ്രെയിൻ. വിദ്യാസമ്പന്നരായ ലക്ഷക്കണക്കിന് യുവാക്കൾ മികച്ച ജീവിതസാഹചര്യങ്ങളും അവസരങ്ങളും തേടി ഇന്നും വിദേശത്തേക്ക് കുടിയേറുന്നുവെങ്കിൽ, നമ്മുടെ സംവിധാനങ്ങൾ എവിടെയോ പരാജയപ്പെടുന്നു എന്നതിന്റെ സൂചനകൂടിയാണത്.
ഒരു രാഷ്ട്രത്തിന്റെ മഹത്വം അളക്കേണ്ടത് അത് നിർമ്മിക്കുന്ന വൻകിട സ്മാരകങ്ങളിലോ സൂചികകളിലോ മാത്രമല്ല; മറിച്ച് ആ രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ള പൗരന് ലഭിക്കുന്ന തുല്യനീതിയിലും സ്വാതന്ത്ര്യത്തിലുമാണ്. ആധുനിക ഇന്ത്യയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ കടമ, ജനാധിപത്യ മൂല്യങ്ങളും തുല്യനീതിയും ഉറപ്പുവരുത്തിക്കൊണ്ട് സാമ്പത്തിക പുരോഗതിയുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്നതുകൂടിയാണ്.
ഈ സ്വാതന്ത്ര്യദിനത്തിൽ നാം ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്, ഇന്ത്യയെന്നത് കേവലം അതിർത്തികളാൽ ചുറ്റപ്പെട്ട ഒരു ഭൂപ്രദേശം മാത്രമല്ല; അത് സഹിഷ്ണുതയുടെയും, ബഹുസ്വരതയുടെയും, മാനവികതയുടെയും അടിസ്ഥാനത്തിൽ കെട്ടിപ്പടുത്ത ഒരു ആശയമാണ്. ആഗോളതലത്തിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും, ലോകത്തിന്റെ നാനാഭാഗത്തുള്ള പ്രവാസികളായ നമുക്ക് ലഭിക്കുന്ന അംഗീകാരവും ഈ മതേതര ജനാധിപത്യ മൂല്യങ്ങളിൽ വേരൂന്നിയതാണ്.
പൗരത്വത്തെ മതവുമായി കൂട്ടിക്കുഴയ്ക്കുന്ന വിഭജനത്തിന്റെ രാഷ്ട്രീയമല്ല, മറിച്ച് 140 കോടി ജനങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്ന സമത്വവും തുല്യനീതിയുമാണ് വരും കാലങ്ങളിൽ ഇന്ത്യയെ യഥാർത്ഥ ‘വിശ്വഗുരു’വാക്കി മാറ്റേണ്ടത്. ജനാധിപത്യത്തിന്റെ ആ വെള്ളി വെളിച്ചം കെടാതെ സൂക്ഷിക്കാൻ ഈ സ്വാതന്ത്ര്യദിനാഘോഷം നമുക്ക് ഉപയുക്തംമാക്കാം.
മുൻതലമുറകളിൽ നിന്ന് വ്യത്യസ്തമായി, സാങ്കേതികവിദ്യയുടെ വിരൽത്തുമ്പിൽ ലോകത്തെ അടുത്തറിയുന്നവരാണ് ഇന്നത്തെ യുവത. അതിരുകളില്ലാത്ത അവരുടെ ചിന്തകൾ ആഗോളതലത്തിലാണ് മാറ്റങ്ങൾ ആവശ്യപ്പെടുന്നത്. നിർമ്മിത ബുദ്ധി, കാലാവസ്ഥാ വ്യതിയാനം, മനുഷ്യാവകാശം തുടങ്ങിയ ആഗോള ചർച്ചകളിൽ ഇന്ത്യൻ യുവത്വം മുൻപന്തിയിലുണ്ട്. അവർ അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനപ്പുറം ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെടുന്നവരും, സുതാര്യത ആവശ്യപ്പെടുന്നവരുമാണ്.ലോകത്തിന് മുന്നിൽ ചമയാൻ നാം ശ്രമിക്കുമ്പോൾ, രാജ്യത്തിനകത്ത് യുവത്വം നേരിടുന്ന അസഹിഷ്ണുതയും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള വിലക്കുകളും ആഗോള വേദിയിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നുണ്ട് എന്നത് മറന്നുകൂട.
എൺപതാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യ നിൽക്കുന്നത് വലിയൊരു വഴിത്തിരിവിലാണ്. ആഗോള വേദിയിൽ ഇന്ത്യയുടെ സ്ഥാനം നിർണ്ണയിക്കപ്പെടേണ്ടത് നമ്മുടെ സൈനിക കരുത്തിലോ സമ്പദ്വ്യവസ്ഥയുടെ വലുപ്പത്തിലോ മാത്രമല്ല; മറിച്ച്, ചോദ്യങ്ങൾ ചോദിക്കുന്ന ജെൻ-സി തലമുറയെയും അവരുടെ സ്വതന്ത്ര ചിന്തകളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ആധുനിക ജനാധിപത്യം എന്ന നിലയിലായിരിക്കണം. യുവത്വത്തിന്റെ ഊർജ്ജത്തെയും വിമർശനങ്ങളെയും ഭയക്കുന്നതിന് പകരം, അവരെ ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഒരു ഇന്ത്യയ്ക്ക് മാത്രമേ ലോകത്തിന് മുന്നിൽ യഥാർത്ഥ അർത്ഥത്തിൽ തലയുയർത്തി നിൽക്കാനാകൂ. അതിരുകൾ ഭേദിക്കുന്ന ആ പുതിയ ഇന്ത്യയ്ക്കായി നമുക്ക് കാത്തിരിക്കാം.

