തൃശൂരിൽ വീണ്ടും കുമ്മാട്ടികൾ തെരുവിലിറങ്ങുന്നു; പർപ്പടകപ്പുല്ലിന്റെ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കലാകാരന്മാർ

തൃശൂർ: പുരാണകഥകൾ പാടി കുമ്മിയടിച്ച് ഊരുചുറ്റാൻ തൃശൂരിന്റെ തെരുവുകളിൽ ഓണക്കാലത്ത് വീണ്ടും കുമ്മാട്ടികൾ ഇറങ്ങും. ഉത്രാടം മുതൽ മൂന്നോണം വരെയുള്ള ദിവസങ്ങളിലാണ് ശിവഭൂതഗണങ്ങളായ കുമ്മാട്ടികൾ തൃശൂരിന്റെ വിവിധ ഭാഗങ്ങളിൽ ആടിയെത്തുന്നത്. കിരാതവേഷത്തിൽ ശിവപാർവ്വതിമാർ തങ്ങളുടെ ഭക്തരെ കാണാനിറങ്ങിയപ്പോൾ അവരെ അനുഗമിച്ച ഭൂതഗണങ്ങളാണ് കുമ്മാട്ടികൾ എന്നാണ് സങ്കൽപ്പം.

എന്നാൽ, ഈ പരമ്പരാഗത കലാരൂപത്തിന് പിന്നിൽ വലിയൊരു സങ്കടക്കഥ കൂടിയുണ്ട്. വേഷത്തിലെ പ്രധാന ഘടകമായ പർപ്പടകപ്പുല്ലിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞതാണ് ഇവർ നേരിടുന്ന പ്രധാന പ്രതിസന്ധി. സാധാരണ വെട്ടുകല്ലുള്ള ഈർപ്പം കുറഞ്ഞ ഇടങ്ങളിലോ ചെമ്മണ്ണുള്ള പ്രദേശങ്ങളിലോ വളരുന്ന ഈ പുല്ല്, ഗ്രാമങ്ങളിൽ കുന്നിടിക്കൽ വ്യാപകമായതോടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ഇതോടെ ആലപ്പുഴയിലേക്കും തമിഴ്‌നാട്ടിലേക്കും വരെ പുല്ല് തേടി പോകേണ്ട അവസ്ഥയിലാണ് കുമ്മാട്ടി സംഘങ്ങൾ. ഒരു കുമ്മാട്ടിക്ക് വേഷം കെട്ടാനും പുല്ല് സമാഹരിക്കാനുമായി അയ്യായിരത്തിലധികം രൂപ ചെലവ് വരുന്നുണ്ട്.

പ്രതിസന്ധികൾക്കിടയിലും തൃശൂരിന്റെ തനത് സംസ്കാരത്തിന്റെ ഭാഗമായ കിഴക്കുംപാട്ടുകരയിലെ വടക്കുംമുറി, കിഴക്കുംമുറി കുമ്മാട്ടികളും പൃഥ്വി, നെല്ലങ്കര കുമ്മാട്ടി സംഘങ്ങളും ഇത്തവണത്തെ ഓണാഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ശിവൻ, ഹനുമാൻ, സുഗ്രീവൻ, ബാലി, അപ്പൂപ്പൻ, അമ്മൂമ്മ, കാട്ടാളൻ, കാലൻ, ഗരുഡൻ, ഗണപതി, കാളി, തെയ്യം, ശ്രീകൃഷ്ണൻ, ബ്രഹ്മാവ്, തള്ള തുടങ്ങി വൈവിധ്യമാർന്ന വേഷങ്ങളിലാണ് കുമ്മാട്ടികൾ തെരുവുകളിലേക്ക് ജനങ്ങളെ കാണാനിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *