കോട്ടയം: കേരള പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു. മലപ്പുറം ജില്ലയിൽ മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ലൈവ് സ്ട്രീമിംഗ് ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ പ്രദർശിപ്പിച്ചു. തുടർന്ന് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ് തൂഫാൻ പതാക ഉയർത്തി. ചടങ്ങിന്റെ ഭാഗമായി തൂഫാൻ ബാഡ്ജ് വിതരണവും സംഘടിപ്പിച്ചു.
സാക്ഷരതായജ്ഞം പോലെ വിപുലമായ ജനകീയ മുന്നേറ്റമായി ഓപ്പറേഷൻ തൂഫാനെ മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരള പോലീസ്, കുടുംബശ്രീ, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, യുവജനകാര്യം തുടങ്ങിയ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിത ഇടപെടലിലൂടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ വാർഡുകളിലേക്കും വീടുകളിലേക്കും വിദ്യാഭ്യാസ-തൊഴിലിടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാഥമിക സാമൂഹിക ഇടപെടൽ കേന്ദ്രങ്ങളായി വാർഡ് തല ജനജാഗ്രതാ സമിതികളും, ലഹരി ഭീഷണികളും പ്രാദേശിക പ്രശ്നങ്ങളും ചർച്ച ചെയ്ത് പ്രതിരോധ മാർഗ്ഗങ്ങൾ രൂപീകരിക്കുന്നതിനായി സ്പെഷ്യൽ തൂഫാൻ ഗ്രാമസഭകളും സംഘടിപ്പിക്കും.
ലഹരി വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി കൈമാറാൻ ടോൾ ഫ്രീ നമ്പറുകൾ, വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനുകൾ, ക്യൂആർ കോഡുകൾ എന്നിവ സജ്ജമാക്കും. ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ വിദഗ്ധരെ ഉൾപ്പെടുത്തി ‘തൂഫാൻ കെയർ കമ്മിറ്റികൾ’ രൂപീകരിക്കുന്നതിനൊപ്പം, ലഹരിമുക്തരായവർ വീണ്ടും ഈ വഴിയിലേക്ക് തിരിയാതിരിക്കാൻ ‘ആഫ്റ്റർ കെയർ’ സംവിധാനങ്ങളും വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ക്ലബ്ബുകളും ഒരുക്കും. ഇതിനായി 12 മാസത്തെ പ്രവർത്തന കലണ്ടറും തയ്യാറാക്കിയിട്ടുണ്ട്.
ചടങ്ങിൽ സബ് ഇൻസ്പെക്ടർ നവീൻ ജോർജ് ഡേവിഡ്, തൂഫാൻ വാരിയർ ബാഡ്ജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. പങ്കെടുത്തവരെ പ്രസിഡന്റ് തൂഫാൻ വാരിയേഴ്സായി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗ്രേസി കരിമ്പന്നൂർ, പി.കെ. വൈശാഖ്, എൻ. അജിത് മുതിരമല, മറ്റ് ജില്ലാ പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി പി.എസ്. ഷിനോ തുടങ്ങിയവർ പങ്കെടുത്തു.

