കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ

പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന ഇരുപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദിൻഷയുടെ സുഹൃത്തും കീഴൂകര സ്വദേശിയുമായ ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രണയബന്ധത്തിൽനിന്നു ദിൻഷ പിന്മാറിയതിലുള്ള വിരോധവും തുടർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റിസോർട്ടിലെത്തിയ പ്രതി കുറച്ചുസമയം ദിൻഷയുമായി സംസാരിച്ചുനിന്ന ശേഷമാണ് ആക്രമണം നടത്തിയത്.

ഗുരുതരമായി പരിക്കേറ്റ ദിൻഷയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ജീവനുണ്ടായിരുന്നെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതി ഓൺലൈൻ വഴി വാങ്ങിയതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെറുപ്രായത്തിൽത്തന്നെ ജീവൻ നഷ്ടപ്പെട്ട ദിൻഷയുടെ വിയോഗത്തിൽ കുടുംബവും സുഹൃത്തുക്കളും തീരാക്കണ്ണീരിലാണ്.

Leave a Reply

Your email address will not be published. Required fields are marked *