തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആയുർവേദ ആശുപത്രികളെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുമെന്നും തെറാപ്പിസ്റ്റുകളുടെ കുറവ് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ആരോഗ്യ, ആയുഷ്, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. നന്തൻകോട് സ്വരാജ് ഭവനിൽ നടന്ന 11-ാമത് ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽത്തന്നെ ആയുർവേദത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. അലോപ്പതി പോലെതന്നെ സർക്കാർ ആയുർവേദ ആശുപത്രികളെയും കൂടുതൽ ശാക്തീകരിക്കുക എന്നതാണ് സർക്കാരിന്റെ നയമെന്നും, നിലവിൽ സ്വകാര്യ മേഖലയെ അപേക്ഷിച്ച് സർക്കാർ മേഖലയിൽ കിടത്തിച്ചികിത്സാ സംവിധാനങ്ങൾ കുറവാണെന്ന പരിമിതി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുപുറമെ, ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുഴുവൻ ആളുകൾക്കും ഹൃദയാഘാത നിർണയത്തിനായുള്ള ‘ട്രോപ് ടി’ പരിശോധന പൂർണമായും സൗജന്യമാക്കിയതായും അദ്ദേഹം അറിയിച്ചു.
ചടങ്ങിൽ മെഗാ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പുകളുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി നിർവഹിച്ചു. വിദേശരാജ്യങ്ങൾ അവരുടെ പരമ്പരാഗത ചികിത്സാരീതികളുടെ വിപണന സാധ്യതകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതുപോലെ, കേരളത്തിലെ ആയുർവേദ മേഖലയും വലിയ വിപണന സാധ്യതകളിലേക്ക് ഉയരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

