തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആരോഗ്യ-കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ സന്ദർശനം നടത്തിയ വേളയിൽ രോഗികൾക്ക് ചികിത്സ നിഷേധിച്ചെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ചികിത്സാനിഷേധമോ ചികിത്സാപ്പിഴവോ അനാവശ്യമായ കാലതാമസമോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ഓഗസ്റ്റ് 10-ന് രാവിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയ രണ്ട് കുട്ടികളുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പനി ബാധിച്ച് രാവിലെ 9.47-ന് പ്രവേശിപ്പിച്ച രണ്ടുവയസ്സുകാരിക്ക് അടിയന്തര ചികിത്സയും മരുന്നുകളും നൽകിയതായി സൂപ്രണ്ട് വ്യക്തമാക്കി. പിന്നീട് കുട്ടിക്ക് അപസ്മാരവും ശ്വാസതടസ്സവും അനുഭവപ്പെട്ടപ്പോൾ ശിശുരോഗ, ന്യൂറോളജി വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുകയും ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തിയ ശേഷം തുടർചികിത്സയ്ക്കായി പ്രത്യേക ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
അതിനിടെ മറ്റൊരു കുട്ടിയുമായി എത്തിയ സ്ത്രീ മാധ്യമപ്രവർത്തകർക്ക് മുന്നിൽ പരാതി ഉന്നയിച്ചതിനെ തുടർന്ന് മന്ത്രി അടിയന്തര അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധയ്ക്കെതിരായ വാക്സിന്റെ മൂന്നാമത്തെ ഡോസ് സ്വീകരിക്കുന്നതിനാണ് കുട്ടി എത്തിയതെന്നും ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം വാക്സിനായുള്ള കാത്തിരിപ്പിലായിരുന്നു എന്നും ബോധ്യപ്പെട്ടു.
മന്ത്രിയുടെ സന്ദർശന സമയത്ത് രണ്ടു ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നും അത്യാഹിത വിഭാഗത്തിലെ ജീവനക്കാരാരും മന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്നും അതുകൊണ്ടുതന്നെ ചികിത്സാ സേവനങ്ങൾക്ക് യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

